Tuesday, January 17, 2017

ഞാനപാരതയിലേക്ക് 
കണ്ണു നട്ടിരിക്കുകയായിരുന്നു.....
അപ്പോളെനിക്ക് തോന്നി,
എൻ്റെ മനസ്സിനോടും ചിന്തകളോടും 
രണ്ടു കവിള് സംസാരിച്ചാലെന്താ......

ഞാനെൻെ മനസ്സിനോടും 
ചിന്തകളോടും പറഞ്ഞു.
എൻ്റെ ചിന്തകളേ എൻ്റെ മനസ്സേ 
നിങ്ങൾ കാത്തിരിക്കുക......

അപ്പോളവർ പറഞ്ഞു.
നീ കാത്തിരിപ്പുകളെക്കുറിച്ച് സംസാരിക്കുന്നു 
'എന്താണ് കാത്തിരിപ്പ്'

ഞാൻ പറഞ്ഞു. 
അപാരതയുടെ സംഗീതവും പേറി 
ഒഴുകിയെത്തുന്ന കാറ്റുകളെ കാത്തിരിക്കുന്ന 
കാനനങ്ങളെ നിങ്ങൾ കണ്ടിരിക്കില്ലേ......

മൃദു സ്പന്ദനങ്ങളും കാത്ത് 
ജല മണികളിലൊളിച്ചിരിക്കുന്ന 
കുഞ്ഞോളങ്ങളെ നിങ്ങൾ കണ്ടിരിക്കില്ലേ......

കുളിർക്കാറ്റിൻറെ  
മൃദുല പാണികളും കാത്തിരിക്കുന്ന 
വിയർപ്പു തുള്ളികളെ നിങ്ങൾ കണ്ടിരിക്കില്ലെ..... 

മേഘങ്ങൾ നീലാകാശത്തെ 
കീഴടക്കുന്നതും കാത്തിരിക്കുന്ന 
മരുഭൂമികളെ നിങ്ങൾ കണ്ടിരിക്കില്ലേ....... 

എൻറെ ചിന്തകളേ എൻറെ മനസ്സേ 
നിങ്ങൾ കാത്തിരിക്കുക.

അപ്പോൾ അവർ പറഞ്ഞു.
നീ പറഞ്ഞ കാത്തിരിപ്പുകൾക്കെല്ലാം 
ഒരു സൗന്ദര്യമുണ്ട്.
'ആരെയാണ് ഞങ്ങൾ കാത്തിരിക്കേണ്ടത്' 

ഒരുവേള ഞാൻ നിശബ്ദനായി. 
ഒഴുകിയെത്തുന്ന കുളിർക്കാറ്റ് എന്നോട് 
കാത്തിരിക്കാൻ പറഞ്ഞിരുന്നില്ല!!

മേഘങ്ങളോ, നീലാകാശങ്ങളോ,
മരുഭുമികളോ എന്നോട് 
കാത്തിരിക്കാൻ പറഞ്ഞിരുന്നില്ല!!

ഏന്റെ രക്തതുള്ളികളിലലിഞ്ഞു ചേർന്നിരുന്ന 
ബന്ധുത്വങ്ങളൊന്നുമെന്നോട് 
കാത്തിരിക്കാൻ പറഞ്ഞിരുന്നില്ല!!

ജീവിതത്തിൻറെ വഴിത്താരകളിൽ ഞാൻ 
കണ്ടുമുട്ടിയ മുഖങ്ങളൊന്നുമെന്നോട് 
കാത്തിരിക്കാൻ പറഞ്ഞിരുന്നില്ല!! 

ഞാനെൻറെ മനസ്സിനോടും 
ചിന്തകളോടും പറഞ്ഞു....
എൻ്റെ ചിന്തകളേ എൻ്റെ മനസ്സേ 
നമുക്ക് വേർപിരിയുവാൻ സമയമായി.... 
ഇനി ചിന്തകളും 
മനസ്സുമില്ലാത്തൊരു ലോകത്തേക്ക് 
ഞാൻ യാത്രയാവട്ടേ ........


No comments:

Post a Comment