Friday, February 10, 2012

ഭ്രാന്തം 24

അവരെന്നെ കെട്ടിയിട്ടു.
എന്നിട്ട് എന്‍റെ രണ്ടു കൈകളും 
തോള്‍ ഭാഗം ചേര്‍ത്ത് വെച്ച് 
മുറിച്ചു  കളഞ്ഞു.
ശേഷം എന്‍റെ കെട്ടുകളവര്‍ 
അഴിച്ചുകളഞ്ഞു.
ഞാന്‍  മുന്‍പോട്ടു മറിഞ്ഞടിച്ചു വീണു.
ഒരുപാട്.... ഒരുപാട് പരിശ്രമിച്ച്
ഞാന്‍  എഴുന്നേറ്റു നിന്നു.
നിവൃത്തികേടിനാല്‍, 
മുറിഞ്ഞു വീണ രണ്ടു കൈകളും ഉപേക്ഷിച്ച്,
ചോരയുമൊലിപ്പിച്ച്, 
വേച്ച് വേച്ച് ഞാന്‍ നടന്നകന്നു.
അവരെന്‍റെ പുറകില്‍ നിന്ന് കൈകള്‍ കൊട്ടി
ഉറക്കെ ഉറക്കെ ചിരിച്ചു.

കാരണം, രണ്ടു കൈകളുമില്ലാത്തവരെ കാണുക 
അവര്‍ക്കൊരു രസമായിരുന്നു.


Thursday, February 9, 2012

ഭ്രാന്തം 7

എന്‍റെ ഹൃദയമവര്‍ അടിച്ചു പൊളിച്ചു
അതില്‍ നിന്നും ചീറ്റി തെറിച്ച
രക്തത്തുള്ളികള്‍ കൊണ്ട്
അവര്‍ ചിത്രങ്ങള്‍ വരച്ചു


ഒരു കഴുതയുടെ
ഒരു കാണ്ടാമൃഗത്തിന്‍റെ
ഒരു പട്ടിയുടെ


എന്‍റെ ഹൃദയമവര്‍
മാന്തിപ്പറിച്ചെടുത്തു
അതിനെ അവര്‍ ചുട്ടു തിന്നു


എന്‍റെ ചിന്തകളെ  അവര്‍ വെട്ടിക്കീറി
കുരുക്കുകളാക്കി ,  എന്‍റെ കഴുത്തില്‍ കുരുക്കി
എന്നെയവര്‍ തൂക്കിക്കൊന്നു

ഭ്രാന്തം 5

നിന്നെ കാണുവാനവര്‍ക്ക് കണ്ണുകളില്ല
നിന്നെ കേള്‍ക്കുവാനവര്‍ക്ക് ചെവികളില്ല
നിന്നെ മനസ്സിലാക്കുവാന്‍ അവര്‍ക്ക്
ഹൃദയങ്ങളുമില്ല


അരുത്, ആരെയും കാത്ത് നില്‍ക്കരുത്
ലകഷ്യത്തിലേക്ക് മാത്രം കണ്ണുകളെ പായിക്കുക............


ലകഷ്യത്തിനായി പറിച്ചെറിയുവാനല്ലെങ്കില്‍
എന്തിനാണി കണ്ണുകള്‍
ലകഷ്യത്തിനായി ഉടച്ചുടച്ചു തീര്‍ക്കുവാനല്ലെങ്കില്‍
എന്തിനാണി ശരീരം
ലകഷ്യത്തിനായി വലിച്ചെറിയുവാനല്ലെങ്കില്‍
എന്തിനാണി ചിന്തകള്‍


അരുത്, ആരെയും കാത്ത് നില്‍ക്കരുത്
ലകഷ്യത്തിലേക്ക് മാത്രം കണ്ണുകളെ പായിക്കുക............



നീ  കാത്ത്  നില്‍ക്കുന്നവര്‍ 
നിന്നെയും കടന്നു പോകും 
ഒടുവില്‍,
പരാജിതനായി  കൂടാരത്തിലേക്കു മടങ്ങവേ
നിന്‍റെ കണ്ണുനീര്‍ തുള്ളികള്‍ പോലും
നിന്നെ പിരിഞ്ഞു പോകും


അരുത്, ആരെയും കാത്ത് നില്‍ക്കരുത്
ലകഷ്യത്തിലേക്ക് മാത്രം കണ്ണുകളെ പായിക്കുക 



നീ ഒറ്റക്കല്ലേ.............................

Wednesday, February 8, 2012

ഭ്രാന്തം 2

ഞാൻ  നോക്കുമ്പോൾ  
നിഴലുകൾ  ചിത്രങ്ങൾ  വരക്കുകയായിരുന്നു 
നീണ്ട്, ചെരിഞ്ഞ്, ഒടിഞ്ഞ്, പരന്ന്...........
ഒരുപാട്  രൂപങ്ങളിൽ 

'കൂടുന്നോ......?
അവയെന്നോടാരാഞ്ഞു 
' എനിക്ക് ചിത്രങ്ങളൊന്നും 
വരക്കാനറിയില്ല'
ഞാൻ പറഞ്ഞു

'കള്ളം, മനുഷ്യര്‍ വളരെ നന്നായ്
വരയ്ക്കുന്ന ഒരു ചിത്രം 
ഞങ്ങക്കറിയാമല്ലോ
ഞങ്ങ എത്ര അസുയയോടെ 
നോക്കാറുള്ളതാണത്
നിങ്ങക്കുമാത്രം കഴിയുന്ന 
മനോഹരമായ ഒന്ന്'

'എന്താണത്' ഞാൻ ചോദിച്ചു 
'വേദന'
നിങ്ങ എത്ര മനോഹരമായാണ് 
അത് വരക്കാറുള്ളത്‌ 



ഭ്രാന്തം 1


എന്‍റെ ചുറ്റും നിഴലുകള്‍ 
അവയുടെ കയ്യില്‍ കൂടങ്ങള്‍
അവയെന്നെ പ്രഹരിക്കുന്നു 
എന്‍റെ ചുറ്റും നിരന്നു നിന്ന്
അവയെന്നെ
അതികഠിനം, അതികഠിനം 
പ്രഹരിക്കുന്നു.

ഞാനൊരു മൃഗമാണെന്‍റെ
വികരങ്ങളലറി അടുക്കും 
തിരമാലകളാം
ചീറിയടിക്കും കൊടുംങ്കാറ്റാം
അവയെ  പ്രഹരിക്കുന്നു
നിഴലുകളവയെ പ്രഹരിക്കുന്നു 

എന്‍റെ ഹൃദയം പിച്ചിചീന്തു
ന്നീ വികാര വിക്ഷോഭങ്ങളെന്നിലെ 
മൃഗമുണരുന്നു
നിഴലുകളേ പ്രഹരിക്കുക വീണ്ടും 
എന്‍റെ മസ്തിഷ്കം പിളരട്ടെ
തലയോട്ടി ചിതറട്ടെ
വേദന വേദന വേദനയാണെന്‍
ലഹരി 
വേദന വേദന വേദനയാണെന്‍
ലഹരി